“ഒരു പ്രായം കഴിഞ്ഞാൽ പിന്നെ കോലം കെടും… നല്ല പ്രായത്തിൽ കെട്ടിച്ച് വിടണം (നല്ല പ്രായം എന്ന് പറഞ്ഞാൽ 18, ഏറിയാൽ 19)” കല്യാണപ്രായം 21 ആക്കുന്നതിനെക്കുറിച്ച് കുറിപ്പ് വൈറൽ..

കുറച്ചു വർഷങ്ങൾക്കു മുമ്പ് വിവാഹ പ്രായം പെൺകുട്ടികളുടെ വിവാഹ പ്രായം 18 ലേക്ക് ഉയർത്തിയപ്പോൾ ഒരുപാട് ശബ്ദ കോലാഹലങ്ങളും വാഗ്വാദങ്ങളും ചർച്ചകളും സംവാദങ്ങളും നടന്നിരുന്നു. അതേ സമൂഹത്തിലേക്ക് തന്നെ 18 നിന്ന് 21 ലേക്ക് ഉയർത്താനുള്ള ചർച്ചകളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.

അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് ആളുകൾ. നെഞ്ചിൽ കൈ വെച്ച് കണ്ണ് തള്ളിയ കല്യാണം ഉറപ്പിച്ച പെൺകുട്ടികളും മാതാപിതാക്കളും. ആശ്വാസത്തിന്റെ ശ്വാസം ഉതിർക്കുന്ന പഠിക്കാൻ താല്പര്യമുള്ള വിദ്യാർത്ഥിനികൾ. എല്ലാവരും അടങ്ങിയതാണ് നമ്മുടെ ഈ ലോകം. ഇതിനിടയിൽ ഡാനിയ നാജിഹയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം:

കേട്ട് തഴമ്പിച്ച വാദങ്ങളാണ്…

“കുറേ പഠിച്ച പെൺകുട്ടികൾ കുടുംബത്തിൽ ഒതുങ്ങൂല “

“ഒരു പ്രായം കഴിഞ്ഞാൽ പിന്നെ കോലം കെടും… നല്ല പ്രായത്തിൽ കെട്ടിച്ച് വിടണം (നല്ല പ്രായം എന്ന് പറഞ്ഞാൽ 18, ഏറിയാൽ 19)”

“കല്യാണം കഴിഞ്ഞും  പഠിക്കാലോ… നടക്കണ്ടത് അതിന്റെ സമയത്ത് നടക്കണം “

വാശിപിടിച്ച് കരയുന്ന ആറ് വയസ്സുള്ള കുട്ടിയുടെ  മുഖത്ത് നോക്കി,
“പെൺകുട്ട്യോൾക്ക് ഇത്ര വാശി ഒന്നും പാടില്ല, വേറെ വീട്ടിൽ പോയി നിക്കേണ്ടതാണെന്ന് ” നിർദാക്ഷിണ്യം പറഞ്ഞു കളയുന്നവരെ കണ്ടിട്ടുണ്ട്.

വളർച്ചയുടെ ഓരോ ഘട്ടത്തിലും നിരന്തരം കണ്ടീഷൻ ചെയ്യപ്പെട്ട്  എന്ത് സ്വപ്നം കാണണമെന്നും ഏതു കോഴ്സ് പഠിക്കണം എന്നും   സാമൂഹിക  വൃത്തത്തിനകത്ത് നിന്ന്  തീരുമാനിക്കുന്നവരാണ്  പെൺകുട്ടികളിലധികവും. പൈലറ്റ് ആവണമെന്നോ IPS എടുക്കണമെന്നോ ആഗ്രഹിക്കാനുള്ള പ്രിവിലേജോന്നും വലിയ ശതമാനം പെൺകുട്ടികൾക്കും ഇക്കാലത്തുമില്ല  എന്നതാണ് സത്യം. പ്ലസ് ടു വിൽ മികച്ച മാർക്കോടെ പാസ്സ് ആവുന്ന കുട്ടികൾ ഏതു കോളേജിൽ ചേരുന്നു എന്ന ചോദ്യത്തെക്കാൾ പലപ്പോഴും നേരിടുന്നത് “കല്യാണം നോക്കുന്നുണ്ടോ?”, “അടുത്തെങ്ങാനും ബിരിയാണി കിട്ടുമോ?” എന്നൊക്കെയാണ് . ഇതെല്ലാം കേട്ടു സഹികെട്ട് 18 കഴിയുമ്പോഴേക്കും കല്യാണത്തിന് സമ്മതം മൂളുന്ന പെൺകുട്ടിയും, “കെട്ടിക്കഴിഞ്ഞ്  പഠിക്കാൻ വിടൂല” എന്ന് പറയുന്നവർക്ക് യാതൊരു സങ്കോചവുമില്ലാതെ മക്കളെ കൈ പിടിച്ച് കൊടുക്കുന്ന  മാതാപിതാക്കളും കൂടെ  അടങ്ങിയതാണ് നമ്മുടെ സമൂഹം. “കെട്ട് കഴിഞ്ഞും പഠിപ്പിക്കലോ” എന്നുള്ളത് ഇത്തിരികൂടി മോഡേൺ ആയിട്ടുള്ള ഓഫറാണ്. നാല്  വർഷത്തോളം നീളുന്ന ഡിഗ്രി കോഴ്സുകളിൽ പഠിത്തവും അസൈൻമെന്റും  എക്‌സാമും വീട്ടുജോലിയും  പ്രസവവും ഒക്കെ ഏറ്റെടുത്ത് കോഴ്സ് മുഴുമിപ്പിക്കുകയോ പകുതിക്ക് വെച്ച് ഇട്ടേച്ച് പോവുകയോ ചെയ്യേണ്ടി വരുന്ന പെൺകുട്ടികളനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ച് ആരുമധികം ചർച്ച ചെയ്ത് കണ്ടിട്ടില്ല. എന്ന് മാത്രമല്ല “പെൺകുട്ട്യോളായാൽ അങ്ങനെ വേണം” എന്നൊരു അവാർഡും കൂടെ കൊടുക്കാനുള്ള സന്നദ്ധത സമൂഹത്തിനുണ്ട്.

‘ഇഷ്ടമുള്ള പ്രായത്തിൽ  വിവാഹിതയാവാനുള്ള പെണ്ണിന്റെ അവകാശത്തെ  ഹനിക്കരുത്’ എന്നുള്ള  കരച്ചിലുകൾ ചുറ്റും കേൾക്കുമ്പോൾ  പഠിക്കാനുള്ള  അവകാശങ്ങൾ നിഷേധിക്കപ്പെട്ട ഒരുപാട് പെൺകുട്ടികളുടെ മുഖങ്ങൾ മനസ്സിൽ നിറയുന്നു.  ഇപ്പറഞ്ഞ  അവകാശം ഉള്ളംകയ്യിലുണ്ടായിരുന്ന കാലത്ത്  ഉപയോഗിക്കാൻ പറ്റാത്തവർ.. ഡോക്ടറോ എഞ്ചിനിയറോ ടീച്ചറോ ഒക്കെയാവണമെന്ന് ആശിച്ച് കഠിനാധ്വാനം ചെയ്ത് പഠിച്ച് മുന്നേറുന്നതിനിടയിൽ പാതി വഴിക്ക് ഓട്ടമവസാനിപ്പിച്ചവർ..

അവിഹിതത്തിനോ ലിവിങ് റ്റുഗെദറിനോ ഇല്ലാത്ത പ്രായ പരിധി വിവാഹത്തിനെന്തിനു എന്നൊക്കെയുള്ള വാദങ്ങൾ എത്ര ബാലിശമാണ്!! ഇന്നേവരെ അവിഹിതത്തിനോ ലിവിങ് റ്റുഗെതറിനോ നിർബന്ധിതരാവേണ്ടി വന്ന ഒരാളെയും കണ്ടിട്ടില്ല. അതേ സമയം കമ്പൾസറി മാട്രിമോണിയുടെ ഇരകളായി പഠനമോ ജോലിയോ ഒക്കെ ഉപേക്ഷിക്കേണ്ടി വന്ന വലിയൊരു കൂട്ടം തന്നെ ചുറ്റിലുമുണ്ട്. പഠിക്കാൻ താല്പര്യമില്ലാത്ത പെൺകുട്ടികളെ കുറിച്ചാണ് മറ്റു ചിലരുടെ ആശങ്ക.. പഠിക്കാൻ താല്പര്യമില്ലാതെ ജോലിയില്ലാതെ പുരനിറഞ്ഞു നിൽക്കുന്ന  ആണുങ്ങളെക്കുറിച്ച് വേവലാതിപ്പെടാത്ത ഇമ്മനുഷ്യർക്ക്  പെൺകുട്ടികളുടെ കാര്യത്തിൽ എന്തൊരു കരുതലാണ്..!!

വിദ്യാഭ്യാസവും വിവാഹവും ഒക്കെ ഏതൊരു മനുഷ്യന്റെയും ന്യായമായ അവകാശമാണ്… വ്യക്തിപരമായ തീരുമാനമാണ്. “വിവാഹപ്രായം അവൾ തീരുമാനിക്കട്ടെ ” എന്നുറക്കെ പറയുമ്പോഴും “ഞങ്ങളുടെ ഇഷ്ടമാണവളുടെ തീരുമാനം ” എന്ന് ശഠിക്കുന്ന സമൂഹത്തിൽ എന്തെങ്കിലും മാറ്റം വരണമെങ്കിൽ അത്‌  നിയമഭേദഗതി കൊണ്ട് മാത്രമേ സാധ്യമാവുകയുള്ളു .

Be the first to comment

Leave a Reply

Your email address will not be published.


*