ദൃശ്യം 2 വരുന്നതൊക്കെ കൊള്ളാം.. പക്ഷെ.. സ്ത്രീ ശരീരം ഒരു ക്യാമറയിൽ പതിഞ്ഞുവെന്നു കരുതി ഒരു ഭാവിയും നശിച്ചു പോകില്ല പോകേണ്ടതുമില്ല

മലയാള ചലച്ചിത്ര പ്രേക്ഷകരുടെ ഒന്നടങ്കം കയ്യടി നേടിയ മോഹൻലാൽ ചിത്രമായിരുന്നു ദൃശ്യം. ഇപ്പോൾ പ്രേക്ഷകരെ സന്തോഷത്തിലാക്കിയാണ് ദൃശ്യം രണ്ടാം ഭാഗം ഷൂട്ടിങ് ആരംഭിച്ചത്. കേരളക്കര ഒന്നാകെ ആരവത്തിലാണ്. അതിനിടയിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് ദൃശ്യം രണ്ടാം ഭാഗത്തെ കുറിച് Ancy M Kurian പങ്കുവെച്ച ഒരു കുറിപ്പാണ്.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം:

ദൃശ്യം രണ്ടാം ഭാഗത്തിന് കാത്തിരിക്കുന്നു.  എന്നാൽ  ആദ്യ ഭാഗത്തിലെ പോലെ ഒരു ആഭാസന്റെ ഒളിക്യാമറയില്‍ മകള്‍ കുളിക്കുന്ന വീഡിയോ പെട്ടൂന്ന് കരുതി , “എന്റെ  മകളുടെ ഭാവി നശിപ്പിക്കരുതേ.. ” ന്ന്  മുട്ടുകുത്തി കൈകൂപ്പി കരയുന്ന  അമ്മമാർക്ക് പകരം, “നിന്റെ ഒളിക്യാമറയിലെ ദൃശ്യങ്ങൾ കണ്ടു എന്റെ മകളെ പതിതയായി കാണുന്ന ഒരു സമൂഹമുണ്ടെങ്കിൽ ആ സമൂഹത്തെ എനിക്കും എന്റെ മകൾക്കും  പുല്ലാണ്…”  എന്ന് പറയുന്ന യഥാർത്ഥ അമ്മമാരെ കാണാന്‍ ആഗ്രഹമുണ്ട്.

ഈ സീൻ കണ്ടു അനാവശ്യമായി പേടിച്ചു പോയ അമ്മമാരോട് , പെണ്മക്കളോട്..

സ്ത്രീകളുടെ ശരീരം ഒരു ക്യാമറയിൽ  പതിഞ്ഞുവെന്നു  കരുതി  ഒരു ഭാവിയും  നശിച്ചു പോകില്ല.. പോകേണ്ടതുമില്ല. ,  അങ്ങനെ എന്തോ പോകുമെന്ന്   പേടിപ്പിച്ചു  നിർത്തുന്ന  പുരുഷ കല്പിത ലോകത്തോട് പറയാൻ മലയാള നിഘണ്ടുവിൽ ഉള്ളതും ഇല്ലാത്തതുമായ ധാരാളം പദങ്ങളുണ്ട്.  :\

സിനിമ എപ്പോഴും  സന്ദേശം നൽകണം എന്നൊന്നും വാശി പിടിക്കാൻ പറ്റില്ല ,  അങ്ങനെ പിടിക്കുന്നുമില്ല. എങ്കിലും സമൂഹം മുന്നോട്ടു പോകുന്നതിനു അനുസരിച്ചു ഒരു മുഴം മുന്നേ നടക്കുന്ന ഒന്നാകട്ടെ  ജനകീയ കലയായ മലയാള  സിനിമ. ഏറ്റവും കൂടുതൽ ആളുകൾ കാണാനിടയുള്ള  സിനിമകളാകുമ്പോൾ പ്രത്യേകിച്ചും. 🙂

  • Ancy M Kurian

Be the first to comment

Leave a Reply

Your email address will not be published.


*