പണവും ആഡംബരവും നോക്കി പോയപ്പോൾ പണി കിട്ടി.. ജാതി മത ഭേദമന്യേ വിവാഹാലോചനകൾ ക്ഷണിക്കുന്നു.. കുറിപ്പ്

Smile challenge, pet challenge എല്ലാം തകൃതിയായി നടക്കുമ്പോഴും പുതുതായി വന്ന singleparent നും വലിയ പിന്തുണ ഫേസ്ബുക്ക് ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്നുണ്ട്. സമൂഹത്തിന്റെ മുൻ നിരയിൽ ഉള്ളവരും അല്ലാത്തവരുമുൾപ്പെടെ നിരവധി പേരാണ് ഈ തലക്കെട്ടിൽ ഹൃദയ ഹാരിയായ വാക്കുകൾ പങ്കുവെച്ചത്.

അകാലത്തിൽ പൊലിഞ്ഞതും ഉപേക്ഷിച്ചു പോയതുമൊക്കെയായി ഒരുപാട് കണ്ണ് നനയിക്കുന്ന കഥകൾ വായിക്കുകയും കൂടെ നിൽക്കുന്ന മാതാവിന്റെയോ അല്ലെങ്കിൽ പിതാവിന്റെയോ കർമ ബോധവും കരുതലും പുകഴ്ത്തപ്പെടുകയും ചെയ്തു.

പരസ്പരം ഒറ്റക്കാക്കാതെ സൗഹൃദത്തിൽ ജീവിക്കുന്നവരുടെ വാക്കുകൾ പലർക്കും പ്രചോദനം ആയിരുന്നു. ഇപ്പോൾ ഇങ്ങനെ ഒരു എഴുത്ത് പങ്കു വെക്കുന്നതിലൂടെ വിവാഹ പരസ്യം കൂടെ ഉൾപ്പെടുത്തിയിരിക്കുകയാണ് ഒരു മകൾ. വിസ്മയ ശ്രീനിവാസ് ആണ് സ്വന്തം അച്ഛന് വേണ്ടി വിവാഹാന്വേഷണം കൂടെ എഴുത്തിൽ ചേർത്തത്.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം :

പ്രസ്തുത ചിത്രത്തിൽ ഞാനും എൻ്റെ  അച്ഛനും. സ്നേഹത്തിനു തൂക്കം  അളക്കാൻ പറ്റാത്തതുകൊണ്ട്  കുറച്ചു തൂക്കം കിട്ടാൻ പണവും  ആഡംബരവും നോക്കി പോയി കൂടെയുണ്ടായിരുന്ന ആൾ പണി തന്നു.

പോയതോ പോട്ടെ. നാട്ടിൽ ചുമ്മാ അപവാദം പറഞ്ഞു പരത്താനും ആള് നോക്കി, പക്ഷെ നാട്ടുകാർ സർവ്വജ്ഞർ ആയതുകൊണ്ട് അത് അങ്ങ് ഏറ്റില്ല.

ഇനി അച്ഛനെ പറ്റി പറയുകയാണെങ്കിൽ സുന്ദരനും, സുശീലനും, സിംപിളും ഹംബിളും എന്നാൽ പവർഫുള്ളും.49 വയസ്സ്, Soft skills and meditation trainer,.

ഇത്രേം സൗന്ദര്യവും കഴിവും സാമർഥ്യവും ഒക്കെ ദൈവം വാരിക്കോരി കൊടുത്തിട്ടും അങ്ങ് എവിടെയോ എത്തേണ്ടയാൾ ഇന്നും ഇവിടുന്ന് തിരിഞ്ഞു കളിക്കുന്നത് എങ്ങനെയാണെന്ന് ഒരു ന്യായമായ സംശയം ആർകെങ്കിലും ഉണ്ടാവാം.

ഇവിടെയാണ് സഹൃദയരെ ‘നാം നന്നായാൽ പോരാ കൂടെയുള്ളവർ കാലുവാരരുത്’ എന്ന സിദ്ധാന്തം ഉടലെടുക്കുന്നത്. ഏതായാലും ഇപ്പോൾ ഞാനും അച്ഛനും നല്ല അടിപൊളിയായിട്ട് അങ്ങനെ ജീവിക്കുന്നു. ഇനി കാര്യത്തിലേക്ക് കടക്കാം.

അരോഗദൃഢഗാത്രനും, സൗമ്യനും, ബുദ്ധിസാമർഥ്യവും വൈഭവവും ഉള്ളവനും ഒക്കെ ആയ എൻ്റെ അച്ഛനെ ഇനി ഇങ്ങനെ ഒറ്റക്ക് വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.

ആയതിനാൽ പൂർവാധികം ശക്തിയോടെ  മുന്നേറാനും ഞങ്ങടെ കൂടെ കൂടാനും താല്പര്യമുള്ള സുന്ദരികൾ നിന്നും ജാതി മത ഭേദമന്യേ വിവാഹാലോചനകൾ ക്ഷണിക്കുന്നു.

എന്ന് മകൾ.
ഒപ്പ് .

NB: ഒറ്റക്കായി എന്നതുകൊണ്ട് ഒറ്റക്കായി തന്നെയിരിക്കണം എന്നല്ല, കൂട്ടിനു ആള് വേണം എന്നു എന്നെങ്കിലും തോന്നുന്നുണ്ടെങ്കിൽ, ജീവിതത്തിനു ഒരിത്തിരി മാറ്റം വേണം എന്നുണ്ടെങ്കിൽ അത് സ്വയം തിരഞ്ഞെടുക്കുന്നതിൽ അഭിമാനിക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*