മതം തടസ്സമായില്ല സ്വന്തം മകളായ് വളർത്തി.. പൊന്നും വീടും സ്ഥലവും നൽകി കല്യാണം നടത്തി കവിതയുടെ ഉപ്പ റസാഖ്…

മതത്തിനും വർഗീയതക്കും അപ്പുറം സ്നേഹത്തിനും മനുഷ്യ ജീവനും വിലയുണ്ട് എന്ന് ഉറക്കെ പറയുന്ന ഒരു വിവാഹം കൂടി നടന്നിരിക്കുകയാണ്. മതമോ ജാതിയോ ഭേദമില്ലാതെ ഒരു പെൺകുട്ടിയെ വിവാഹ പ്രായം വരെ വളർത്തുകയും വിവാഹ പ്രായമെത്തിയപ്പോൾ അനുയോജ്യനായ വരനെ കണ്ടുപിടിച്ച് വിവാഹം നടത്തി കൊടുക്കുകയും അതിനപ്പുറം വീടും സ്ഥലവും നൽകുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലം തൃപ്പയാർ പുതിയ വീട്ടിൽ റസാഖിന്റെ വീടാണ്.

കവിത എന്ന പെൺകുട്ടിയെ റസാഖിന് തെരുവോരത്തു നിന്നും ലഭിച്ച് 14 വർഷമായി. റസാഖിന്റെ മൂന്ന് പെൺമക്കൾക്കൊപ്പം നാലാമതൊരു പെൺകുട്ടിയായി കവിത 14 വർഷം ആ വീട്ടിൽ ജീവിച്ചു. വിവാഹപ്രായം എത്തുംവരെ സ്വന്തം മകളെ പോലെ വളർത്തുകയും വിവാഹ പ്രായമെത്തിയപ്പോൾ അനുയോജ്യമായ ഒരു വരനെ കണ്ടുപിടിച് ആ കൈകളിൽ ഏല്പിക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ റസാക്ക്.

വിവാഹാവശ്യത്തിന് വേണ്ടി പുതു വസ്ത്രങ്ങളും സ്വർണാഭരണങ്ങളും വാങ്ങുക പതിവാണ്. തെരുവോരത്ത് കഴിഞ്ഞിരുന്ന കവിത എന്ന പെൺകുട്ടിയെ സ്വന്തം മക്കളുടെ കൂട്ടത്തിലേക്ക് കൈപിടിച്ചു ചേർത്തതു മുതൽ ഇതുവരെ കഷ്ടതകൾ അറിയിക്കാതെ വളർത്തി. അതിനുശേഷം വിവാഹത്തോടോപ്പം അവൾക്ക് സ്വന്തം വീടിനടുത്തുള്ള സ്ഥലവും അതിലൊരു വീടും പണിതിരിക്കുകയാണ് ഈ പിതാവ്.

എയർഫോഴ്സ് ഉദ്യോഗസ്ഥനാണ് റസാഖ്. അദ്ദേഹത്തിന്റെ മൂന്ന് പെൺകുട്ടികളുടെ കൂട്ടത്തിൽ നാലാമതൊരു പെൺകുട്ടിയായാണ് കവിതയെ അദ്ദേഹം വളർത്തിയത്. കവിതയുടെ മാതാപിതാക്കൾ മകളെ ഇടയ്ക്ക് വന്ന് കാണുമായിരുന്നു. എങ്കിലും ഈ 14 വർഷത്തിനുള്ളിൽ കവിത സ്വന്തം ജന്മനാടായ തമിഴ്നാട്ടിലേക്ക് പോയത് വെറും രണ്ടുപ്രാവശ്യം മാത്രമാണ്.

ഫോട്ടോഗ്രാഫറും സ്വകാര്യകമ്പനി ജീവനക്കാരനുമായ നാട്ടിക സ്വദേശി ശ്രീജിത്ത് ആണ് വരൻ. റസാഖിന്റെ വീട്ടിൽ വച്ച് തന്നെയാണ് വിവാഹചടങ്ങുകൾ നടന്നത് എങ്കിലും ഹിന്ദു മതാചാരങ്ങളെ അനുസരിച്ച് തന്നെയായിരുന്നു നടത്തപ്പെട്ടത്. റസാഖിന്റെ 3 പെൺമക്കളുടെ വകയായി 12 പവനോളം സ്വർണ്ണവും ഈ കുടുംബം സമ്മാനിച്ചു.

വിവാഹ ചടങ്ങുകളിൽ സംബന്ധിക്കാനായി കവിതയുടെ മാതാപിതാക്കളും രണ്ടു സഹോദരിമാരും എത്തിയതും വലിയ സന്തോഷം നൽകുന്ന കാര്യങ്ങളാണ്. മതമേതായാലും മകൾ തന്നെയാണ് എന്നാണ് റസാക്കും ഭാര്യ നൂർജഹാനും പറയുന്നത്. സ്വന്തം മക്കളെപ്പോലെയാണ് അവർ കവിതയേയും സംരക്ഷിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*