കുട്ടികളോട് പറയാൻ പാടില്ലാത്ത വേണ്ടാതീനങ്ങൾ.. ചെയ്യാൻ പാടില്ലാത്തതും. എന്തൊക്കെയാണ് ആ വേണ്ടാതീനങ്ങൾ..??

മലയാള ബിഗ് സ്ക്രീൻ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താര ദമ്പതികൾ ആണ് ഇന്ദ്രജിത്തും പൂർണിമയും. അഭിനയിച്ച വേഷങ്ങളെല്ലാം പ്രേക്ഷക മനസ്സുകളിൽ സ്ഥിര സാന്നിധ്യമായി തങ്ങി നിൽക്കാൻ തരത്തിലുള്ള അഭിനയ വൈഭവം കാഴ്ചവെക്കുന്ന ഇന്ദ്രജിത്തും വളരെയധികം പ്രേക്ഷക പിന്തുണയുള്ള ഒരുപാട് പരിപാടികളിലൂടെ അവതാരകയായും മറ്റും നിറഞ്ഞുനിൽക്കുന്ന പൂർണിമയും പ്രേക്ഷകരുടെ പ്രിയങ്കരരായി മാറുകയായിരുന്നു.

സന്താന പരിപാലനത്തിൽ വളരെയധികം ശ്രദ്ധ പുലർത്തേണ്ട ഒരു വിഷയത്തെ ക്കുറിച്ച് വളരെ മനോഹരമായും സംക്ഷിപ്തമായും അവതരിപ്പിച്ച വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. വാക്കുകളുടെ ലാളിത്യം കൊണ്ടും അവതരണ മികവു കൊണ്ടും താര ദമ്പതികളുടെ പ്രേക്ഷക പിന്തുണ കൊണ്ടും പങ്കുവെച്ച് നിമിഷങ്ങൾക്കകം വീഡിയോ വൈറൽ ആയിട്ടുണ്ട്.

കുട്ടികളോട് പറയാൻ പാടില്ലാത്ത വാക്കുകളും പ്രയോഗങ്ങളും പ്രവൃത്തികളുമാണ് താരദമ്പതികൾ വീഡിയോയിലൂടെ വ്യക്തമാക്കുന്നത്. നീ കറുത്തതാ.. നീ മെലിഞ്ഞതാ.. നീ പൊക്കമില്ലാത്തതാ.. നീ തടിയനാ തുടങ്ങിയ പ്രയോഗങ്ങൾ തമാശ രൂപത്തിൽ പോലും കുട്ടികളോട് പറയരുത് എന്നാണ് പൂർണിമ പറഞ്ഞു തുടങ്ങുന്നത് തന്നെ. ശാരീരിക പ്രത്യേകതകൾ ചൂണ്ടിക്കാണിക്കുന്ന ഉണ്ടക്കണ്ണി കോന്ത്ര പല്ലൻ തുടങ്ങിയ പ്രയോഗങ്ങളും കുട്ടികളോട് പാടില്ല എന്നും ഇതിനോട് ഇന്ദ്രജിത്ത് കൂട്ടി ചേർക്കുന്നുണ്ട്.

മണ്ടൻ മണ്ടി പൊട്ടൻ പൊട്ടി തുടങ്ങിയ നെഗറ്റീവ് വിളിപ്പേരുകളും അവൻ മിടുക്കനാ അവനെ കണ്ടു പഠിക്ക് നിന്നെക്കൊണ്ട് എന്തിനു കൊള്ളാം തുടങ്ങിയ താരതമ്യ പ്രയോഗങ്ങളും ഒഴിവാക്കാനാണ് പിന്നീട് താരദമ്പതികൾ പറയുന്നത്. തൊട്ടതിനും പിടിച്ചതിനുമെല്ലാം ചീത്ത പറയുന്നതും ചെറിയ ചെറിയ വിഷയങ്ങളിൽ കുറ്റപ്പെടുത്തുന്നതും കുട്ടികളുടെ മാനസിക ആരോഗ്യത്തെ താറുമാറാക്കും എന്നാണ് ഇവർ പറയുന്നത്.

നിന്നെ കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞ നിരുത്സാഹപ്പെടുത്താതെ നിനക്ക് നന്നായി ചെയ്യാൻ കഴിയും എന്ന് പറഞ്ഞ ആത്മവിശ്വാസം കൊടുത്തു കൂടെ നിന്ന് കരുത്തു പകരുന്നവരായിരിക്കണം രക്ഷിതാക്കൾ എന്നാണ് താരദമ്പതികളുടെ അഭിപ്രായം. കുട്ടികളോട് കള്ളം പറയുകയോ കള്ളത്തരത്തിൽ കുട്ടികളെ കൂട്ടുകയോ ചെയ്യരുത് എന്നും കുട്ടികളുടെ മുന്നിൽ വച്ച് രക്ഷിതാക്കൾ വഴക്ക് കൂടരുത് എന്നും താരദമ്പതികൾ വീഡിയോയിലൂടെ പങ്കുവെക്കുന്നുണ്ട്.

കാര്യങ്ങൾ സാധിക്കാൻ വേണ്ടി ഭൂതത്തെയും പ്രേതത്തെയും പറഞ്ഞു പേടിപ്പിക്കുന്ന രക്ഷിതാക്കൾ കുറവല്ല. പക്ഷേ അത് ചില കുട്ടികളുടെ മനസ്സിൽ ജീവിതകാലം മുഴുവൻ പിന്തുടരുന്ന വലിയ പേടിയായി രൂപാന്തരപ്പെടും എന്ന് താരദമ്പതികൾ വീഡിയോയിലൂടെ ഓർമ്മപ്പെടുത്തുന്നുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ പ്രാധാന്യവും പരിഗണനയും നൽകണമെന്നും അവർ വീഡിയോയിലൂടെ പറയുന്നു.

കുട്ടികൾക്ക് രക്ഷിതാക്കൾ റോൾമോഡൽസ് ആവണം എന്നാണ് അവസാനമായി താരദമ്പതികൾ പറയുന്നത്. കുട്ടികൾക്കൊപ്പം ഒരുപാട് സമയം ചെലവഴിച്ച കൂടെ നിന്ന് കരുത്തുപകരുന്ന രക്ഷിതാക്കളാണ് എന്ന് കുട്ടികളെ ബോധ്യപ്പെടുത്തി നമുക്കും വളരാം നന്നായി വളർത്താം എന്നാണ് താരദമ്പതികളുടെ അവസാന വാക്ക്.

Be the first to comment

Leave a Reply

Your email address will not be published.


*