സത്യത്തിൽ വാങ്ക് കൊടുക്കേണ്ടത് പെണ്ണുങ്ങളല്ലേ? അഞ്ചു നേരത്തെ നിസ്കാരത്തിനുള്ള ക്ഷണമാണ് വാങ്ക് പി.ടി.മുഹമ്മദ് സാദിഖ് എഴുതുന്നു

കാവ്യ പ്രകാശ് സംവിധാനം ചെയ്ത ഇന്ത്യൻ മലയാള ഭാഷാ നാടക ചിത്രമാണ് വാങ്ക്. ഉണ്ണി ആർ എഴുതിയ ബാങ്ക് എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് സിനിമ തയ്യാറാക്കിയിരിക്കുന്നത്. ദ ഗ്രേറ്റ് അടുക്കള എന്ന സിനിമയെ പോലെ ഒരു ധൈര്യമുള്ള സിനിമ എന്നാണ് ഒറ്റവാക്കിൽ ഈ സിനിമയെ പലരും വിശേഷിപ്പിക്കുന്നത്.

നാല് സാധാരണ പെൺകുട്ടികളിലൂടെയാണ് സിനിമയുടെ കഥാ ഗതി. റസിയ എന്ന പെൺകുട്ടിയുടെ വിചിത്രമായ ഒരു ആഗ്രഹവും അതിന്റെ കനലെരിയുന്ന പാതകളും ആണ് സിനിമയുടെ ഇതിവൃത്തം. ഉറക്കേ ബാങ്ക് വിളി ക്കണം എന്നാണ് റസിയയുടെ ആഗ്രഹം. റസിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അനശ്വര രാജൻ ആണ്.

മലപ്പുറം ജില്ലയിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിലെ ഒരു പെൺകുട്ടിയായാണ് റസിയ എന്ന കഥാപാത്രത്തെ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. വാങ്ക് എന്ന സിനിമ ശ്രദ്ധയിൽ പെട്ടപ്പോൾ സ്വന്തം ജീവിതത്തിൽ ഉണ്ടായ ബാങ്ക് അനുഭവങ്ങൾ കൂട്ടിച്ചേർത്തു പി ടി മുഹമ്മദ് സാദിഖ് എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

പി ടി മുഹമ്മദ് സാദിഖ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം
വാങ്ക്

വാങ്കിന് രാഗ്ഭൈരവി രാഗമാണെന്ന് പറഞ്ഞത് ഉസ്താദ് ബിസ്മില്ലാ ഖാനാണ്. അതിനൊരു ശ്രുതിയും താളവുമുണ്ട്. കേരളത്തിലെ വാങ്കുകൾ കർണകഠോരമാണ്.. ചില വാങ്ക് കേട്ടാൽ ആ പള്ളിയുടെ പരിസരത്തു നിന്ന് ഓടി രക്ഷപ്പെടാൻ തോന്നും. അത്ര അവതാളവും അപശ്രുതിയുമായിരിക്കും. കാതു തുളയ്ക്കുന്ന ഒച്ചയും. സത്യത്തിൽ അഞ്ചു നേരത്തെ നിസ്കാരത്തിനുള്ള ക്ഷണമാണ് വാങ്ക്. അപ്പോൾ പള്ളിയിലേക്ക് ഭക്തരെ ആകർഷിക്കുന്ന വിധം ഈണവും താളവുമൊക്കെ ഉണ്ടാകുന്നത് നല്ലതാണ്.

മുഹമ്മദ് മക്ക ആക്രമിച്ചു കീഴടക്കി ഇസ്ലാമിക സാമ്രാജ്യം സ്ഥാപിച്ചപ്പോൾ കഅബാലയത്തിൻ്റെ ഉച്ചിയിൽ കയറി വാങ്ക് വിളിച്ചത് കറുത്തവർഗ്ഗക്കാരനും മുൻ അടിമയുമായ ബിലാലാണ്.( കഅബയുടെ താക്കോൽ സൂക്ഷിപ്പ്, സംസം കിണർ പരിപാലനം പോലെ അന്തസ്സാർന്ന ഉത്തരവാദിത്തങ്ങൾ സ്വന്തം ഗോത്രക്കാരായ ഖുറൈശികളെയാണ് മുഹമ്മദ് എൽപിച്ചത്. വാങ്കുവിളി ഇന്നും മഹല്ലുകളിലെ ഒരു നേരം പോലും കഞ്ഞിക്കു വകയില്ലാത്ത സാധുക്കളുടെ തൊഴിലാണ്. അവർക്ക് ബിലാലിനെ പോലെ വേറിട്ട ഒരു സ്വരം പോലുമില്ല.)

പണ്ട് ഞാനൊരു പള്ളിയിൽ വാങ്ക് വിളിച്ചിട്ടുണ്ട്. അന്ന് ഞാൻ ഒമ്പതാം ക്ലാസിലാണ്. ഒരു പതിനാലുകാരൻ്റെ അസ്സൽ സ്ത്രൈണ ശബ്ദമുള്ള കാലം. യതീം ഖാനയിലെ പള്ളിയിലെ മുക്രി മാനിപുരത്തുകാരൻ മുഹമ്മദ് കാക്കക്ക് വൈകുന്നേരം എന്തോ അത്യാവശ്യം. ഞാനാണെങ്കിൽ മൈക്കിൽ വാങ്ക് വിളിക്കാനുള്ള പൂതി ഉള്ളിൽ കൊണ്ടു നടക്കുന്ന ചെക്കൻ. മൂപ്പര് പറഞ്ഞപ്പോൾ അസർ വാങ്ക് ഞാനേറ്റു.

അവസാനത്തെ ലാ ഇലാഹ ഇല്ലല്ലായും കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ വിശാലമായ പള്ളിയുടെ അനേകം ജനവാതിലുകൾക്കപ്പുറത്ത് തിക്കിത്തിരക്കി ആ മഹല്ലു മുഴുവൻ. അതിൽ വിശ്വാസികളും അല്ലാത്തവരുമണ്ട്. ആണുങ്ങൾക്ക് പിന്നിൽ പെണ്ണുങ്ങളുുമുണ്ട്.

അവരുടെ പിറുപിറുപ്പുകൾ പതുക്കെ ഒരാരവമായി. ആ പിറുപിറുപ്പുകൾക്ക് ഒരേ സ്വരം: ഒരു പെണ്ണാണ് വാങ്ക് വിളിക്കുന്നതെന്ന് കരുതി! ആ പെണ്ണിനെ കാണാനാണ് അവർ വാതിൽക്കലും ജനവാതിലുകളിലും തിക്കിത്തിരക്കുന്നത്.

അന്ന് അസർ നിസ്കാരത്തിന് വരിയായി വന്നിരുന്ന ഭക്തജനങ്ങൾക്കു മുന്നിൽ വെച്ച് വാർഡൻ്റെ ചൂരൽ എൻ്റെ ചന്തിയിലും തുടകളിലും രാഗമാലിക വായിച്ചു.

ഉണ്ണി. ആറിൻ്റെ വാങ്ക് എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരം കണ്ടപ്പോൾ വന്ന ചിന്തകളാണിതൊക്കെ.

ഒരു പെൺകുട്ടിയുടെ ജീവിതാഭിലാഷമാണ് ആകാശത്തിനു ചോട്ടിൽ, നാടു കേൾക്കെ ഒരിയ്ക്കൽ വാങ്ക് വിളിയ്ക്കണമെന്നത് . പെറ്റു വീണപ്പോൾ സ്വന്തം കരച്ചിലിന്നു ശേഷം കാതിൽ അവൾ കേട്ടത്, വാപ്പയുടെ ശബ്ദത്തിലുള്ള വാങ്കൊലിയാണ്. അവളുടെ കരച്ചിൽ മാറുന്നത് വാങ്ക് കേൾക്കുമ്പോഴാണ്. പെണ്ണിൻ്റെ വാങ്ക് അല്ലാഹു കേൾക്കുമെന്ന് അവൾക്ക് ഉറപ്പാണ്.

സത്യത്തിൽ വാങ്ക് കൊടുക്കേണ്ടത് പെണ്ണുങ്ങളല്ലേ? അത്രയും മധുരമായി ആർക്കാണ് വാങ്ക് കൊടുക്കാൻ കഴിയുക! ബിലാലിനെ കുറിച്ചുള്ള ആ മാപ്പിളപ്പാട്ട് കേട്ടിട്ടില്ലേ?

പാടി ബിലാലെന്ന പൂങ്കുയില്
പരിപാവന ദീനിൻ്റെ തേനിശല്

ബാങ്ക് ശരിയ്ക്കും ഒരു തേനിശലാണ്. അത് പടേണ്ടത് പൂങ്കുയിലുകളാണ്. അല്ലാതെ കഴുതകളല്ല.

പള്ളി മിനാരങ്ങളിൽ നിന്ന് പൂങ്കുയിലുകൾ വാങ്കുകൾ പാടട്ടെ!

ഒരു കാര്യം കൂടി ഓർമിക്കട്ടെ: ശാന്തപുരം ഇസ്ലാമിയാ കോളേജിൽ മനോഹരമായി ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു ജോസഫ് സാറുണ്ടായിരുന്നു. ഒരു ദിവസം, നോക്കുമ്പോൾ സുബ്ഹി നിസ്കാരത്തിന് ഒന്നാം നിരയിൽ ജോസഫ് സാർ. എൻ്റെ ഇസ്ലാമിക മനം തുടി കൊട്ടി.

ജോസഫ് സാർ ഇസ്ലാം സ്വീകരിച്ചിരിക്കുന്നു!

നിസ്കാരം കഴിഞ്ഞു പുരുഷാരത്തിനു മുന്നിൽ എഴുന്നേറ്റു നിന്ന് അദ്ദേഹം സംസാരിച്ചു. അതിലെ ഒരു വാചകം ഇങ്ങിനെയായിരുന്നു: വാങ്ക് ഇങ്ങിനെ കൊടുത്താൽ പോര. സംഗീതത്തിൻ്റെ അകമ്പടി വേണം

(മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന ഇരിഞ്ഞാലക്കുടക്കാരൻ ജോസഫ് സാറിനെ അടുത്ത ദിവസം വീട്ടുകാർ വന്നു കൂട്ടിക്കൊണ്ടുപോയി.

NB: വാങ്കിലെ റസിയയുടെ വാങ്ക് കേട്ടാൽ ആരും ഒരു നേരം നിസ്കരിച്ചു പോകും!

Be the first to comment

Leave a Reply

Your email address will not be published.


*